കൊട്ടിയം : റിസോര്‍ട്ട് കെട്ടിട ഉടമയുടെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന റിസോര്‍ട്ടിന്റെ മേല്‍നോട്ടക്കാരനായ യുവാവ് മരിച്ചു. മയ്യനാട് പുല്ലിച്ചിറ അനീഷാ സദനത്തില്‍ റോജര്‍ ആഗ്നസ് നെപ്പോളിയന് (42)ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് രാത്രിയില്‍ താന്നിയിലുള്ള സ്വകാര്യ റിസോര്‍ട്ടിലായിരുന്നു സംഭവം. റിസോര്‍ട്ട് കെട്ടിട ഉടമയായ ജോണ്‍ യോഹന്നാനും റിസോര്‍ട്ട് നടത്തിപ്പുകാരുമായി റിസോര്‍ട്ടില്‍ പാര്‍ട്ടി നടത്തിയശേഷം കെട്ടിട ഉടമയായ ജോണ്‍, റോജര്‍ ആഗ്നസിനെ റിസോര്‍ട്ടിന് പുറത്ത് റോഡിലേക്ക് വിളിച്ചുകൊണ്ടുപോകുകയും മുഖത്തടിക്കുകയായിരുന്നു.
എതിര്‍ത്തപ്പോള്‍ വീണ്ടും അടിച്ചതായി പറയുന്നു. പിറ്റേ ദിവസം രാവിലെ മയ്യനാട്ടെ ഒരു സ്വകാര്യ ക്ലീനിക്കില്‍ ചികില്‍സ തേടിയശേഷം മൂന്നു ദിവസത്തെ അവധി കഴിഞ്ഞ് റോജർ ജോലിക്കുകയറി. 14ന് തലയ്ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്കാനിംഗ് നടത്തിയ ശേഷം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
21ന് യുവാവ് ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോയി. 24 ന് രാവിലെ അദ്ദേഹത്തിന്റെ സഹോദരി വിളിച്ചറിയിച്ചത് അനുസരിച്ച് ബന്ധുവായ അലന് എത്തി മുറിയുടെ കതക് ചവിട്ടി തുറന്ന് മുറിക്കുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയ റോജര്‍ ആഗ്നസിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു.
റോജര്‍ ആഗ്നസിനെ ആദ്യം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അടിയുടെ ആഘാതത്തില്‍ തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാകാം മരണകാരണമെന്നു കരുതുന്നു. മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. മൂന്നുമാസമായി റിസോര്‍ട്ടിന്റെ മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു റോജര്‍ ആഗ്നസ്. സംസ്കാരം ഇന്നു രാവിലെ കൊട്ടിയം നിത്യസഹായ മാതാ ചര്‍ച്ച് സെമിത്തേരിയില്‍ നടക്കും. ഭാര്യ: ജോസിന്. മക്കള്‍: ഡ്രയാന്‍, ഹെവന്‍.
ജീപ്പ് മറിഞ്ഞ് ഉടമയായ യുവാവ് മരിച്ചു